Friday 16 September 2016

facebook comments




facebook comments 
വേദി ജനങ്ങൾക്കു നടുവിൽ തുറസ്സായ സ്ഥലത്ത്‌ ആകുമ്പോഴും സാങ്കേതികതയുടെ പൂർണതയോടെ കലാമേന്മ ഒട്ടും നഷ്ടപ്പെടാതെയുള്ള അവതരണം...ത്രിക്കരിപ്പൂർ പോലെയുള്ള ഒരു ഗ്രാമ പ്രദേശത്ത്‌ ഗാലറിയിൽ തിങ്ങി നിറഞ്ഞ ആയിരത്തോളം ആളുകൾ മൂന്നര മണിക്കൂർ തികഞ്ഞ നിശ്ശ്ബ്ദതയോടെ നാടകം ആസ്വദിക്കുന്നു. ഖസ്സാക്ക്‌ പോലെ മലയാളത്തിലെ ഒരു ക്ലാസിക്‌ സാഹിത്യ കൃതിയുടെ നാടകാവിഷ്കാരം ആണു ഒരു ഗ്രാമത്തിൽ ഇത്രയേറെ ആളുകളെ നിശ്ശബ്ദരായിരുത്തി ആസ്വദിപ്പിക്കുന്നത്‌. അഭിനേതാക്കളുടെ അതി ഗംഭീരമായ പ്രകടനം. രവിയും അള്ളാപ്പിച്ചാ മൊല്ലാക്കയും നൈജാമലിയും അപ്പുക്കിളിയും കുപ്പച്ചനും മാധവൻ നായരും മൈമുനയുമൊക്കെ പുസ്തകത്താളുകളിൽ നിന്നും നേരിട്ടു നമ്മുടെ മുന്നിലേക്കിറങ്ങി വരുന്നു . നാടകം അവതരിപ്പിക്കുന്ന നിലം പോലും കഥ പറയാനുള്ള സങ്കേതമായി മാറ്റുന്നു സംവിധായകൻ . നാടകം തുടങ്ങുമ്പോൾ ഉറച്ച തറ നിലമായ വേദി നാടകം പുരോഗമിക്കുന്നതോടെ മഴയും അഗ്നിയും വയലും പുഴയും കിണറും ഒക്കെയായി മാറി കഥാപാത്രങ്ങളുടെ ശരീരവും മനസ്സും മണ്ണോടു ഇഴുകി ചേർന്നു നാടകം അവസാനിക്കുമ്പോഴേക്കും ഉഴുതു മറിച്ച ഒരു വയലിനു സമാനമാകുന്നു. മഹത്തായ ഒരു സാഹിത്യ കൃതിയെ കലാമൂല്യമുള്ള രംഗ ഭാഷയീലൂടെ ഉഴുതു മറിച്ച പുതു മണ്ണായി നമുക്കു നൽകുന്നു. ഈ ഗ്രാമത്തിലെ തന്നെ ആളുകൾ ആണു നടന്മാരായി എത്തുന്നത്‌. അതിശയിപ്പിക്കുന്ന പ്രകടനത്തിലൂടെ ഓരോ നടന്മാരും നമുക്കു മുന്നിൽ ഖസ്സാക്കിലെ കഥാപാത്രങ്ങളായി ജീവിക്കുന്നു. അനുയോജ്യമായ വേറിട്ട പശ്ചാത്തല സംഗീതത്തിന്റെ ഉപയോഗവും നാടകം എന്ന രംഗ ഭാഷയോടൊപ്പം കഥ പറച്ചിലിൽ ചിലയിടങ്ങളിൽ ദ്രിശ്യ മാധ്യമവും സമർഥമായി ഉപയൊഗിച്ചിരിക്കുന്നു. ചെതലിയും തസ്രാക്കും ഏകാധ്യാപക വിദ്യാലയവും പനമ്പട്ടയിലെ മഴയും വസൂരിയുടെ അഗ്നിയും ഒക്കെ തുറസ്സായ വേദിയിൽ നമുക്കു മുന്നിൽ പുനസൃഷ്ടിക്കപ്പെടുന്നു...മലയാള നാടക രംഗത്തെ ശക്തമായ ഒരു ചലനം തന്നെയാണു ഒരു ഗ്രാമം ഒത്തൊരുമിച്ചു യാഥാർഥ്യമാക്കിയ ഖസ്സാക്കിന്റെ ഇതിഹാസം എന്ന നാടകം . ത്രിക്കരിപ്പൂർ കെ എം കെ സ്മാരക കലാസമിതി മലയാള നാടകത്തിനു പുതിയൊരു ദിശാബോധം നൽകുന്നു എന്നതാണു ഇതിന്റെ വർത്തമാന യാഥാർഥ്യം..മലയാളിയുടെ മനസ്സിൽ ഏറെ സ്വാധീനമുള്ള ഖസ്സാക്കിന്റെ ഇതിഹാസം പോലെ ഒരു ക്ലാസ്സിക്‌ കൃതി അതിന്റെ കലാമൂല്യവും ആസ്വാദ്യതയും ഒട്ടും ചോരാതെ അസാമാന്യമായ കയ്യടക്കത്തോടെ രംഗഭാഷ്യം ഒരുക്കുക എന്നത്‌ ഏറെ വെല്ലുവിളി ഉള്ള ഒന്നാണു. സംവിധായകന്റെ ധിഷണയും കയ്യൊപ്പും ഇതിഹാസ സമാനമായി തുന്നിച്ചേർത്ത ദീപൻ ശിവരാമൻ അതു ഭംഗിയായി നിർവഹിച്ചു..തീച്ചയായും കാണപ്പെടേണ്ട ഒരു അനുഭവം ആണു ഈ നാടകംx

Wednesday 14 September 2016

KHASKHINTE ITHIHASAM DRAMA BANGALORE

khaskh at Bangalore

ഖസാക്കിലൂടെ ഒരു രാത്രി..

നിര്‍ത്താതെ പെയ്യുന്ന മഴ കോറമംഗലയെ നനച്ചു കൊണ്ടിരുന്നു.. വേനലിന്റെ ശക്തി ഇന്ത്യയുടെ സിലിക്കണ്‍വാലിയെയും കടന്നു പിടിച്ചപ്പോള്‍ ഞാനടക്കമുള്ള ബെംഗളൂരുകാര്‍ ഒരു പോലെ പ്രാര്‍ഥിച്ച മഴയാണ് ഇന്ന് പ്രതീക്ഷകളെ തല്ലിച്ചതച്ചുകൊണ്ട് പെയ്യുന്നത്.. ഒരാഴ്ച്ച മുമ്പ് ബുക്ക് ചെയ്ത് കാത്തിരിക്കുകയായിരുന്നു മഹാനായ എഴുത്തുകാരന്‍ മനസ്സില്‍ വരച്ചു വെച്ച കഥാപാത്രങ്ങളെ ഭൂമിയില്‍ കാണാനുള്ള ആ അവസരത്തെ.. അത് എന്റെ അയല്‍ക്കാരായ തൃക്കരിപ്പൂരുകാരാണ് അവതരിപ്പിക്കുന്നതെന്നറിഞ്ഞപ്പോള്‍ ആവേശം അതിരില്ലാത്തതായി..

ആ പ്രതീക്ഷകളെയാണ് ഇന്നീ നശിച്ചനല്ല മഴ നശിപ്പിച്ചു കൊണ്ടിരിക്കുന്നത്.. നടക്കില്ല എന്ന് 90% കരുതി നിന്നപ്പോഴാണ് പ്രതീക്ഷകള്‍ക്ക് ജീലന്‍ വെപ്പിച്ച് കൊണ്ട് മഴ മാറാന്‍ തുടങ്ങിയത്.. മൈതാനത്ത് നിന്ന് ഒരുക്കങ്ങള്‍ കണ്ടപ്പോള്‍ ആവേശം ആകാശത്തോളമായി.. അവസാനം എല്ലാ ആശങ്കകളും മാറ്റി ആ ഇതിഹാസത്തിന് തുടക്കമായി..

സൈയ്യത് മിയാന്‍ ശൈക്കിന്റെ കുതിരപ്പട മനസ്സില്‍ ഓടിത്തുടങ്ങി.. ഖസാക്കിലേക്കുള്ള രവിയുടെ യാത്രയ്ക്ക് കൂട്ടായി കാണുന്ന ഞങ്ങള്‍ ഓരോരുത്തരും ഉണ്ടായിരുന്നു.. സര്‍ബത്തിന്റെ മധുരം നുണഞ്ഞ് കൊണ്ടുള്ള യാത്ര.. അള്ളാപ്പിച്ചാ മൊല്ലാക്ക ഗംഭീരമായി തകര്‍ത്താടി.. മൈമൂനയുടെയും നൈജാമലിയുടെയും സന്തോഷം തെളിഞ്ഞത് ഞങ്ങള്‍ ഓരോരുത്തരുടെയും മുഖത്തായിരുന്നു.. പല ഭാവങ്ങളില്‍ നൈജാമലിയും അമ്പരപ്പിച്ചു.. തുമ്പിയെ പിടിക്കാന്‍ അപ്പുക്കിളിക്ക് പിന്നാലെ ഞങ്ങളും ഓടി.. കുപ്പുവും നീലിയും ഗംഭീരം.. പക്ഷേ കുറച്ച് നേരത്തേക്ക് രംഗത്തെ ഒറ്റയ്ക്ക് നിയന്ത്രിച്ച് ശുക്രു നടത്തിയ പെര്‍ഫോമന്‍സ് പറഞ്ഞറിയിക്കാന്‍ വാക്കുകളില്ല.. ബിരിയാണിയും കുട്ടിക്കൂറയും ബീഡിയും പത്തിരിയും കൂടി പകര്‍ന്നപ്പോള്‍ നമ്മളും ഖസാക്കുകാരാണെന്ന് സംവിധായകന്‍ നമ്മെ ഓര്‍മിപ്പിച്ചു..

നാടകത്തിന്റെ പിന്നണി പ്രവര്‍ത്തകരെ എന്റെ എളിയ വിവരണത്തില്‍ അഭിനന്ദിക്കാന്‍ എനിക്ക് അര്‍ഹതയില്ല.. എങ്കിലും വാക്കുകള്‍ക്കതീതമായ പ്രകടനം.. പഞ്ചഭൂതങ്ങളെ ഭൂമിയിലേക്ക് ആവാഹിച്ച് അതില്‍ ജീവിതങ്ങളെ ചാലിച്ചെടുത്ത മഹാകാവ്യം.. ഖസാക്കുകാരായി ജീവിച്ച എല്ലാവര്‍ക്കും അഭിനന്ദനം.. സ്നേഹം.. പശ്താത്തലത്തില്‍ ചിത്രങ്ങള്‍ക്ക് പോലും ജീവനുണ്ടായിരുന്നു.. എന്റെ തൃക്കരിപ്പൂരുകാരെ, നിങ്ങളെ ലോകം അറിഞ്ഞിരിക്കുന്നു.. ഇനിയും രംഗഭാഷണങ്ങള്‍ തീര്‍ക്കാന്‍ നിങ്ങള്‍ക്ക് കഴിയട്ടെ.. KMK സ്മാരക കലാവേദിക്ക് ഒരുപാട് നന്ദി.. ബെംഗളൂരുവില്‍ പ്രദര്‍ശിപ്പിക്കാന്‍ പരിശ്രമിച്ച എല്ലാവര്‍ക്കും നന്ദി..

എല്ലാത്തിനും ഒടുവില്‍, പക്ഷേ എല്ലാവര്‍ക്കും മുന്നില്‍ നിന്ന സംവിധായകന്ഒരു കോടി നന്ദി..